മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫിലെ വൈസ് പ്രസിഡന്റ് ജമീല ബീവി ക്കെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ മാത്രമാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ചൊവ്വാഴ്ച രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ രശ്മിദാസ് ആയിരുന്നു വരണാധികാരി.
പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിനെതിരെ തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയും പരാജപ്പെട്ടിരുന്നു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ആറ് മാസം കൂടുമ്പോൾ ബി.ജെ.പി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകുയാണ് പതിവ്. 13 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് അഞ്ച്, ബി.ജെ.പി അഞ്ച്, യു.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.