കോഴിക്കോട് ∙ ബിജെപി -പോപ്പുലര്‍ ഫ്രണ്ട് പ്രകടനങ്ങള്‍ നേര്‍ക്കു നേര്‍ വന്നതോടെ നഗരം ഒരു മണിക്കൂറോളം സംഘര്‍ഷഭീതിയിലായി. ബിജെപിയുടെ പ്രകടനം വഴിയില്‍ തടഞ്ഞ പോലീസ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. കള്ളപ്പണത്തിന്റെ സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സ്റ്റേഡിയം ജംക്‌ഷനിലെ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാനത്തേക്കായിരുന്നു ബിജെപിയുടെ പ്രകടനം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം തടയുമെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തു വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാവിലെ 11ന് അരയിടത്തുപാലത്ത് നിന്നാരംഭിച്ച ബിജെപിയുടെ പ്രകടനം കെ.പി.കേശവമേനോന്‍ ഹാളിനു സമീപത്തു വച്ചു പോലീസ് തടഞ്ഞു.
തുടര്‍ന്നു ബിജെപി നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റേഡിയം ജംക്‌ഷനിലൂടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രകടനമെത്തിയത്. ബിജെപിയുടെ പ്രകടനം തടയുമെന്ന തരത്തിലുള്ള മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രകടനം പോലീസ് തടഞ്ഞു. പോലീസിന്റെ എതിര്‍പ്പു ഭേദിച്ചു മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച 15 പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ബാക്കിയുള്ളവരെ വിരട്ടിയോടിച്ച് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.