ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി പാര്‍ട്ടി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാര്‍ട്ടി താക്കീതും നല്‍കി. സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തിന്മേല്‍ സ്വന്തം നിയമങ്ങളടിച്ചേല്‍പ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു.
ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് മത യുദ്ധങ്ങള്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ആരോപിച്ചു. പാര്‍ലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? -ദുബെ പറഞ്ഞു.ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പരാമര്‍ശത്തിനെതിരേ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ദുബെയുടെ പ്രസ്താവനയും.
ഗവര്‍ണര്‍മാര്‍ക്കോ രാഷ്ട്രപതിക്കോ ഭരണഘടനയെ മറികടന്നുള്ള അനിയന്ത്രിതമായ അധികാരം അനുവദിക്കപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതിസ്ഥാനത്ത് തുടരാന്‍ ധന്‍കറിന് അര്‍ഹത നഷ്ടപ്പെട്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.ജുഡീഷ്യറിക്കെതിരേ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയാണ് ഉപരാഷ്ട്രപതിയെന്ന് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളില്‍നിന്നും കൂടുതല്‍ സമതുലിതവും സംവേദനക്ഷമവുമായ സമീപനമാണുണ്ടാകേണ്ടതെന്ന് ആര്‍ജെഡി എംപി മനോജ്കുമാര്‍ ഝാ പറഞ്ഞു.
ഭരണഘടനയുടെ 142-ാം അനുച്ഛേദത്തെപ്പറ്റി ഉപരാഷ്ട്രപതി നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്‌തെന്ന് പ്രമുഖ അഭിഭാഷകന്‍കൂടിയായ രാജ്യസഭാംഗം കപില്‍ സിബല്‍ പറഞ്ഞു. അനവസരത്തിലുള്ള വിമര്‍ശനമാണ് ഉപരാഷ്ട്രപതി നടത്തിയതെന്ന് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി അഭിപ്രായപ്പെട്ടു.അതിനിടെ, സുപ്രീംകോടതിയുടെ സുപ്രധാനവിധി രാഷ്ട്രീയചലനങ്ങള്‍ സൃഷ്ടിച്ചിരിക്കെ, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി കൂടിക്കാഴ്ചനടത്തി. ഇതിന്റെ ചിത്രം ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തുവിട്ടു. സംയുക്ത സൈനികമേധാവി ജനറല്‍ അനില്‍ ചൗഹാനും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു.