തിരുവനന്തപുരം: നീണ്ട കാത്തിരിപ്പൊനൊടുവിൽ സംസ്ഥാന അക്ഷ്യക്ഷനെ നിയോഗിച്ചിട്ടിട്ടും ബിജെപിയിൽ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. കെ സുരേന്ദ്രന് കീഴിൽ സംസ്ഥാന സെക്രട്ടറിമാരായി പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടുമായി മുതിർന്ന നേതാക്കളായ എഎൻ രാധാകൃഷ്‌ണനും എംടി രമേശും രംഗത്തെത്തി. ഇത് സംബന്ധിച്ചുള്ള തീരുമാനം നേതൃത്വത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
വരും ദിവസങ്ങൾ ഇക്കാര്യത്തിൽ പാർട്ടിയിൽ വിള്ളലുകള്‍ക്ക് കാരണമാകും. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ് സാഹചര്യങ്ങൾ മോശമാക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചവരിൽ എംടി രമേശ് മുൻപന്തിയിലായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവാണ് രാധാകൃഷ്‌ണൻ. എന്നാൽ സമീപകാലത്ത് സ്വീകരിച്ച നിലപാടുകളുടെ പിൻബലത്തിൽ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരേണ്ട സാഹചര്യം ഇവർക്കുണ്ടായി. ഇതോടെയാണ് തൽസ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് രമേശും രാധാകൃഷ്‌ണനും നിലപാടെടുത്തത് .
എഎൻ രാധാകൃഷ്‌ണന്റെയും എംടി രമേശിന്റെയും നിലപാട് മാറ്റത്തിന് കാരണം സംസ്ഥാന ബിജെപിയിലെ വിഭാഗീയതയാണ്. ഇരുവരും പികെ കൃഷ്‌ണദാസ് പക്ഷക്കാരാണ്. വി മുരളീധരനൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ് സുരേന്ദ്രൻ. അധ്യക്ഷസ്ഥാനം മുരളീധരപക്ഷത്തിന് ലഭിച്ചതോടെ കൃഷ്‌ണദാസ് വിഭാഗം സമ്മർദ്ദത്തിലായി. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായാൽ മികച്ച പദവി രമേശിന് നൽകാമെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെയാണ് ജനറൽ സെക്രട്ടറിയായി തുടരേണ്ട എന്ന തീരുമാനത്തിലെത്തിയത്. പാര്‍ട്ടിയിലെ പ്രശ്‌നം രൂക്ഷമാകുമ്പോള്‍ സുരേന്ദ്രന്റെ അധ്യക്ഷസ്ഥാനം പോലും മാറി ചിന്തിക്കേണ്ടിവരും കേന്ദ്ര നേതാക്കള്‍ക്ക് .
അല്ലാത്തപക്ഷം രമേശും രാധാകൃഷ്ണനും പാര്‍ട്ടിയില്‍ നിന്നു തന്നെ വിട്ടു പോകാനുള്ള സാധ്യത ഏറെയാണ്. മുരളീധരപക്ഷത്തുള്ള സി കൃഷ്‌ണകുമാർ, പി സുധീർ, രഘുനാഥ് എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാനാണ് മുരളീധരപക്ഷം ശ്രമിക്കുക. എന്നാൽ ഒരു ഗ്രൂപ്പിലും പങ്കാളിയല്ലാത്ത ശോഭാ സുരേന്ദ്രന് എന്തുപദവി നൽകുമെന്ന ആശങ്ക തുടരുകയാണ്. മഹിളാ മോർച്ച ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം ശോഭയ്‌ക്ക് ലഭിച്ചേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെ പുറത്തു വരുന്നു.