തിരുവനന്തപുരം : ബി.ജെ.പി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും. പുതുതായി കേരളത്തിലെ ബി.ജെ.പിയുടെ ചുമതല ഏറ്റെടുത്ത സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ കെ. സുരേന്ദ്രന് പക്ഷത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളാകും നടക്കുക. യോഗത്തില്‍ സുരേന്ദ്രനെതിരായ കടന്നാക്രമണത്തിന് ഒരുവിഭാഗം തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെങ്കിലും അത് വിലപ്പോവില്ലെന്നാണ് ഔദ്യോഗികപക്ഷം നല്കുന്ന വിവരം.
ഗ്രൂപ്പ് പോരുകളിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വവും ആര്.എസ്.എസും നല്‍കുന്നത്. അതിനനുസരിച്ചുള്ള മുന്നറിയിപ്പാകും യോഗത്തിലും നല്‍കുക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. അതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകകൂടി ലക്ഷ്യമുണ്ട്.
സി.പി. രാധാകൃഷ്ണന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം സംസാരിക്കാനാണ് സാധ്യത. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ഔദ്യോഗിക വിഭാഗം. പുനഃസംഘടന, സംഘടന ചുമതല എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് ഭേദമില്ലാതെ അതൃപ്തി പാര്‍ട്ടിക്കുള്ളിലുണ്ട്.