കൊച്ചി : കൊടകര കുഴല്‍പ്പണക്കേസില്‍ മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി പിടിയില്‍. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിനൊപ്പം അലി ഉണ്ടായിരുന്നുവെന്ന് പോലീസ്. കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 21 ആയി. കേസിലെ പ്രതി ദീപ്തിയുടെ പക്കല്‍ നിന്ന് 9 പവന്‍ സ്വര്‍ണം കണ്ടെത്തി. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.
അതിനിടെ ക്രിമിനല്‍ സംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ ബി.ജെ.പിയുടേതാണോയെന്ന് തെളിയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി എല്‍.പത്മകുമാറിനെയാണ് ഇന്ന് പോലീസ് ചോദ്യം ചെയ്തത്.
കോഴിക്കോട്ട് നിന്ന് ധര്‍മരാജന്‍ ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ ബി.ജെ.പി ഭാരവാഹികള്‍ക്ക് കൈമാറാന്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതു തെളിയിക്കാനാണ് ബി.ജെ.പി ആലപ്പുഴ മേഖലാ സെക്രട്ടറി എല്‍.പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇനി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളവരില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമുണ്ട്. ധര്‍മരാജിനെ അന്നേ ദിവസം ഫോണില്‍ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി നേതാക്കളേയും പോലീസ് വിളിപ്പിക്കും.
എല്ലാ നേതാക്കളും പോലീസിനോട് പറയുന്നത് ഒരേയൊരു മൊഴിയാണ്. ബി.ജെ.പിയുടെ ലഘുലേഖകള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടു വന്നിരുന്നത് ധര്‍മരാജനായിരുന്നു. ഇതേപ്പറ്റി ചോദിക്കാന്‍ ഫോണില്‍ വിളിച്ചു. ഒരേ മൊഴികളിലെ അസ്വാഭാവികത പോലീസിന് ബോധ്യപ്പെട്ടു. കള്ളപ്പണ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പരിമിതികള്‍ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ബി.ജെ.പി നേതാക്കളുടെ മൊഴി കേസിന് ബലം പകരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ രണ്ടര കോടി രൂപ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.