ന്യൂഡൽഹി : യുപി തെരഞ്ഞെടുപ്പിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം രാമക്ഷേത്ര നിർമ്മാണം കൂടി ബിജെപി ചർച്ചയാക്കും. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ സംബന്ധിച്ച് ജനങ്ങളിലുണ്ടായ അതൃപ്തി മറികടക്കാൻ വൈകാരികമായ വിഷയങ്ങൾ കൂടി വേണമെന്ന നിലപാടിലാണ് യുപിയിലെ നേതാക്കൾ.
ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്നലെ ആരംഭിച്ചിരുന്നു. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമാണ് വിഷയമെങ്കിലും യുപിക്കാണ് പ്രാമുഖ്യം.