കോഴിക്കോട്: ലത്തീന്‍ കത്തോലിക്കാ സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങില്‍ കറുത്ത വസ്‌ത്രങ്ങള്‍ക്കും മാസ്‌ക്കിനും വിലക്ക്. വൈകീട്ട് 5.30 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവര്‍ കറുത്ത മാസ്കോ ഷാളുകളോ, ധരിക്കരുതെന്ന് സംഘാടകസമിതി നിഷ്കര്‍ഷിച്ചു. കറുത്ത മാസ്ക് ധരിക്കരുതെന്ന നിര്‍ദേശം കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടവെച്ചതിനാല്‍ ഇന്നു നടക്കുന്ന ചടങ്ങളില്‍ നിബന്ധനകള്‍ വയ്ക്കേണ്ടതില്ലെന്നാണ് ഡിസിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.