കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 11 ജില്ലകളില്‍ ബ്ലാക്ക് ഫീവര്‍ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. കാലാ അസര്‍ എന്ന് വിളിക്കുന്ന രോഗം 65 പേരിലാണ് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കപ്പെട്ടതായി പ്രഖ്യാപിച്ച അസുഖമാണ് ബ്ലാക്ക് ഫീവര്‍. ഡാര്‍ജീലിങ്, കാലിംപോങ്, ഉത്തര്‍ ദിനജ്പൂര്‍, ദക്ഷിണ്‍ ദിനജ്പൂര്‍, മാല്‍ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗം പടര്‍ന്നിരിക്കുന്നത്. സ്വകാര്യ ലാബുകളില്‍ നടത്തിയ പരിശോധനകളിലാണ് ബ്ലാക്ക് ഫീവര്‍ സ്ഥിരീകരിച്ചത്.
രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചവരാണ് ഭൂരിഭാഗം രോഗികളുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തരം മണലീച്ചയിലൂടെയാണ് ബ്ലാക്ക് ഫീവര്‍ പടരുക. ലീഷ്മാനിയാസിസ് എന്നും രോഗം അറിയപ്പെടാറുണ്ട്. ശരീരം ശോഷിക്കുക, മജ്ജയും കരളും വലുതാവുക, വിളര്‍ച്ച, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ അസുഖം ബാധിക്കുന്നതോടെ ചര്‍മത്തിന്‍റെ നിറം ഇരുണ്ട് തുടങ്ങുമെന്നത് കൊണ്ടാണ് ബ്ലാക്ക് ഫീവര്‍ എന്ന് പേര് വന്നത്.