കൊച്ചി : ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച. തൃപ്പൂണിത്തുറയില്‍ വെച്ചാണ് ആരോഗ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. പിന്‍വാതില്‍ നിയമനങ്ങളുടെയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തൃപ്പൂണിത്തുറയിലെ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.
പത്തോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്ന സംഭവവും ഉണ്ടായി. തുടര്‍ന്ന് പോലീസ് ഇരുവിഭാഗത്തെയും മാറ്റിയശേഷമാണ് മന്ത്രിയ്ക്ക് പോകാനായത്.