തിരുവനന്തപുരം : കോവിഡ് ബാധിതരില്‍ മരണകാരണമാകുന്ന ബ്‌ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. മാസ്‌ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്. ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. കോവിഡാനന്തരം എച്ച് ഐ വി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍. ഐസിയുകളില്‍ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നല്കണമെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്‌സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല. എച്ച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്‌ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
അര്‍ബുദ രോഗികളും അവയവങ്ങള്‍ മാററിവെച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണം. പനി, തലവേദന, കണ്ണിനും ചുവപ്പും വേദനയും , മൂക്കൊലിപ്പ്, സൈനസൈറ്റിസ് , നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്. മാസ്‌ക് ഉപയോഗം ഫലപ്രദമെന്നും പ്രമേഹ രോഗികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോവിഡ് ഭേദമായവര്‍ വൃത്തിയുളള അന്തരീക്ഷത്തില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.