കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തും.
ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി ഏഴു ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്. അതേ സമയം ബ്ലാക്ക് ഫംഗസ് ചികില്‍സക്കായുള്ള മരുന്ന് ഉടന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അത് വൈകിയാല്‍ ചികില്‍സയെ പ്രതികൂലമായി ബാധിക്കും
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികില്‍സ വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചത്. ആശുപത്രി സൂപ്രണ്ട് കണ്‍വീനറായ ഈ സമിതിയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി ഏഴു ഡോക്ടര്‍മാരാണ് ഉള്ളത്. എല്ലാദിവസവും വൈകുന്നേരം യോഗം ചേര്‍ന്ന് മരുന്ന് ലഭ്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇവര്‍ പരിശോധിക്കും. നിലവില്‍ 9 പേരാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികില്‍സയിലുള്ളത്. ഇവര്‍ക്കായുള്ളത് 10 വയല്‍ മരുന്ന് മാത്രമാണ്. മരുന്ന് വൈകിയാല്‍ അത് ചികില്‍സയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുറക്കും. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികില്‍സയിലിരിക്കെ ഇന്നലെ മരിച്ച ഹംസയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗ സ്ഥിരീകരണത്തിനായി സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്. അതേ സമയം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹംസ.