കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയയുടെ ആരോപണം ഐ ജി വിജയ് സാഖറെ തള്ളി. തെളിവില്ലാതെ ആരെയും പ്രതിയാക്കില്ല. അന്വേഷണം നടക്കുന്നതേയുള്ളൂ. കുറ്റം ചെയ്യാത്തവര്‍ പോലീസിനെ ഭയക്കേണ്ടായെന്നും ഐ ജി പറഞ്ഞു. കേസിലെ വ്യാജനിര്‍മാതാവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും വിജയ് സാഖറെ കൊച്ചിയില്‍ അറിയിച്ചു.
പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് സോഫിയയുടെ ആരോപണം. കേസില്‍ ഷെരീഫിന്റ ഭാര്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും കേസുമായി ബന്ധമില്ലെന്നും സോഫിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനിടെ ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.