മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് ഇഡി അനില്‍ ദേശ് മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ, പലവട്ടം ഇഡി നോടീസ് അയച്ചിരുന്നെങ്കിലും അനില്‍ ദേശ് മുഖ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെതിരെ അനില്‍ ദേശ് മുഖ് ബോംബെ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ചോദ്യം ചെയ്യുന്ന സമയത്തും അനില്‍ ദേശ് മുഖ് സഹകരിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രിയായിരിക്കെ പോലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ് മുഖിനെതിരെയുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ് മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നത്. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടായിരുന്നു.
പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസം നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ് മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പോലീസ് കമീഷണര്‍ പരംബീര്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിംഗ് നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം നടത്താനുള്ള ഹൈകോടതി ഉത്തരവിന് പിന്നാലെ അനില്‍ ദേശ് മുഖ് രാജി വയ്ക്കുകയായിരുന്നു. കേസില്‍ ദേശ് മുഖിന്റെ പേഴ്‌സനല്‍ സെക്രടറി സഞ്ജീവ് പലാന്‍ഡെ, പേഴ്‌സനല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി നേതാവാണ് അനില്‍ ദേശ് മുഖ്.