തലശേരി: നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 22 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്നുപേരെ തലശേരി പോലീസ് അറസ്റ്റ്ചെയ്തു. നാദാപുരം തൂണേരിയിലെ എടാടി വീട്ടില്‍ ഇ ഫസല്‍(28), തൂണേരി മുടവന്തേരിയിലെ വരക്കണ്ടി താഴെക്കുനിയില്‍ വീട്ടില്‍ കെ അര്‍ജുന്‍(23) , തൂണേരി സ്വദേശി ബ്ലാപ്രത്ത് താഴെ കുനിയില്‍ വീട്ടില്‍ ബി ടി കെ രജിത്ത്(25), എന്നിവരെയാണ് ഡിവൈഎസ്പി കെ വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ദേശീയ പാതയോരത്ത് പാലിശേരിയില്‍ കാര്‍ നിര്‍ത്തി തൊട്ടടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോള്‍ കാറില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. കാറിലുണ്ടായിരുന്നവരുടെ സഹായത്തോടെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘമാണ് പണം കവര്‍ന്നത്. കുഴല്‍പണമാണിതെന്ന് പോലീസ് പറഞ്ഞു. കുഴല്‍പണം പിടിച്ചത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്ന് ഡിവൈഎസ്പി അറിയിച്ചു. പണം കൊടുത്തുവിട്ടയാള്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കും.
നാദാപുരത്തെ സിപിഐ എം പ്രവര്‍ത്തകന്‍ ഷിബിന്‍വധക്കേസിലെ മുഖ്യപ്രതിയാണ് പണം കവര്‍ച്ച ആസൂത്രണം ചെയ്ത ഫസല്‍. രജിത്തും കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഡിവൈഎസ്പിയുടെ കണ്‍ട്രോള്‍ റൂമിലെ നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ സമര്‍ഥമായ അന്വേഷണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും പാനൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ ബിജുവുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.