ആലപ്പുഴ: തോട്ടപ്പള്ളിയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ കരിമണല്‍ നീക്കത്തിനെതിരെ വിഎം സുധീരൻ സത്യാഗ്രഹം ആരംഭിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന് സര്‍ സിപി സിൻഡ്രമാണെന്ന് വിഎം സുധീരന്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി തോട്ടപ്പള്ളിയിലെത്തി. ഹൈക്കോടതി ഉത്തരവിന്‍റെ പിന്‍ബലത്തിനൊപ്പം പ്രദേശത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചാണ് കരിമണല്‍ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് ജനകീയസമര സമിതിയും കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായാണ് വിഎം സുധീരന്‍റെ സത്യാഗ്രഹസമരം.
തോട്ടപ്പള്ളിയിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയം കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് വി എം സുധീരന്‍ പറഞ്ഞു. കരിമണല്‍ കൊള്ളയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പുറക്കാട് പഞ്ചായത്തിന്‍റെ സ്റ്റോപ്പ് മെമ്മോ അംഗീകരിച്ച്, കരിമണല്‍ നീക്കം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മണല്‍ നീക്കുന്നതെന്ന സര്‍ക്കാര്‍വാദം കണക്കിലെടുത്ത് പിന്നീട് കോടതി അനുമതി നല്‍കി.