ചിറ്റാര്‍ : നീരാളിപോലെ പിടിമുറുക്കി ബ്ലെയിഡ് കമ്പിനികള്‍. വായ്പ വാഗ്ദാനം നല്‍കി പ്രോസ്സസിംഗ് ഫീസായി 5000 മുതല്‍ 10000 രൂപ വരെ മുന്‍കൂറായി വാങ്ങി പിന്നീട് വായ്പ നല്‍കാതിരിക്കുകയാണ് ഇവരുടെ പരിപാടി. ഇവരുടെ വലയില്‍ സ്ത്രീകളാണ് കുരുങ്ങുന്നത്. വായ്പാ അപേക്ഷകരില്‍ ചിലര്‍ ബ്ലെയിഡ് കമ്പിനിയുമായി രഹസ്യ ധാരണയില്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇടപാടുകളില്‍ ഇവര്‍ക്ക് കമ്മീഷനും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരമാവധിപേരെ വായ്പാ അപേക്ഷകരാക്കുകയാണ് ഇവരുടെ ലക്‌ഷ്യം. മാസങ്ങള്‍ക്ക് മുമ്പ് പ്രോസ്സസിംഗ് ഫീസ് മുന്‍കൂറായി എജന്റ്മാര്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ വായ്പയുമില്ല കൊടുത്ത പണവും ഇല്ല.
പ്രധാനമായും ചിറ്റാര്‍, സീതത്തോട്, പെരുനാട് തുടങ്ങിയ ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് ഇവര്‍ പ്രലോഭനത്തിലൂടെ കുഴിയില്‍ ചാടിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ പരാതി കൊടുക്കാന്‍ മുതിരാത്തത് തട്ടിപ്പിന് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുകയാണ്. പരാതിപ്പെടുവാന്‍ ആരെങ്കിലും നീങ്ങിയാല്‍ അവരെ ഭീഷണിയിലൂടെ നിശബ്ദരാക്കും. തന്നെയുമല്ല അയ്യായിരമോ പതിനായിരമോ രൂപക്കുവേണ്ടി ആവശ്യമില്ലാത്ത പൊല്ലാപ്പിലേക്ക് പോകുവാനും ആര്‍ക്കും താല്‍പ്പര്യമില്ല. വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും അവരോട് പണം വാങ്ങുന്നതുമൊക്കെ സ്ത്രീകളായ എജന്റ്മാരാണ്. തുക എഴുതാതെ ഒപ്പിട്ടു വാങ്ങിയ ചെക്കുകളും ഇവരാണ് കൈവശം വെക്കുന്നത്.
നിധി കമ്പിനികളുടെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഇന്നലെ പത്തനംതിട്ട മീഡിയാ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ തട്ടിപ്പില്‍ കണ്ണികളായ ചിലര്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതിനുശേഷം നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പത്തനംതിട്ട മീഡിയായുമായി പങ്കുവെച്ചു. തങ്ങളുടെ പണം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ അവധിക്ക് പണം തന്നില്ലെങ്കില്‍ അടുത്തദിവസം തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.