തൃശൂർ : തൃശൂർ ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ സ്ഫോടനം ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമെന്ന് പോലീസ് എക്സ്പ്ലോസീവ്സ് വിദഗ്ധരുടെ പ്രാഥമിക കണ്ടെത്തൽ. ഗ്യാസ് ഘടിപ്പിച്ച പൈപ്പ് ദ്രവിച്ച അവസ്ഥയിലാണ് ഉണ്ടായിരുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തി.
വാതകം അകത്ത് തങ്ങി നിന്നതാകാം സ്ഫോടനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. സംഭവത്തില്‍ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.41 നും 9.42 നുമിടയിലാണ് ഇരിങ്ങാലക്കുടയിലെ ചായക്കടയില്‍ സ്ഫോടനമുണ്ടായത്. രണ്ട് തവണ സ്ഫോടനമുണ്ടായത് ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. പൊട്ടിത്തെറിയില്‍ അടുത്തുള്ള കടകളുടെ ഭിത്തികളും തകർന്ന് തരിപ്പണമായി. ഷട്ടറുകളും തെറിച്ചു പോയി.