യൂട്യൂബിലെ പരസ്യങ്ങൾ ആർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ള വീഡിയോകൾ കാണുന്നതിനിടയ്ക്ക് പരസ്യങ്ങൾ കയറിവരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത്തരം അവസരങ്ങളിൽ പരസ്യങ്ങളിൽ നിന്നും രക്ഷപെടാന്‍ നമ്മൾ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കാറുണ്ട്. ബ്രൌസറുകളിൽ എക്സ്റ്റൻഷനായി ആഡ് ബ്ലോക്കറുകൾ ഡൌൺലോഡ് ചെയ്ത് വെച്ചാൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോകൾ കാണാൻ സാധിക്കും. എന്നാൽ ഇനി ഇത് നടക്കണമെന്നില്ല. ആഡ് ബ്ലോക്കറുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കുകയാണ് യൂട്യൂബ്. ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ യൂട്യൂബ് ഓരോ തവണയും അത് ബ്ലോക്ക് ചെയ്യും. യൂട്യൂബ് പരസ്യവരുമാനത്തെ വൻതോതിൽ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആഡ് ബ്ലോക്കറുകൾ കമ്പനിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാൻ പ്രീമിയം സബ് സ്ക്രിപ്ഷനും യൂട്യൂബ് നൽകുന്നുണ്ട്. പല ഉപയോക്താക്കളും സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി പണം നൽകാൻ തയ്യാറല്ല. ഇത്തരമാളുകളാണ് ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. യൂട്യൂബിന്റെ വരുമാനത്തെ ബാധിക്കുന്ന രീതിയിൽ ആഡ് ബ്ലോക്കറുകളുടെ ഉപയോഗം ഉയർന്നിട്ടുണ്ട്.
പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുന്നവരെ തടയാനുള്ള ശ്രമങ്ങൾ കമ്പനി വിപുലപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരസ്യങ്ങൾ അനുവദിക്കുന്നതിനോ യൂട്യൂബ് പ്രീമിയം ഉപയോഗിക്കുന്നതിനോ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രമം ആഗോളതലത്തിൽ നടക്കുന്നുണ്ട്. നിങ്ങൾ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 3 വീഡിയോകൾക്ക് ശേഷം വീഡിയോ പ്ലെയർ ബ്ലോക്ക് ചെയ്യപ്പെടും. ആഡ് ബ്ലോക്കർ ഒഴിവാക്കിയില്ലെങ്കിൽ വീഡിയോ പ്ലേബാക്ക് ബ്ലോക്ക് ചെയ്യുമെന്ന മെസേജ് സ്ക്രീനിൽ കാണിക്കും. യൂട്യൂബ് ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ സർവ്വീസ് നിബന്ധനകളുടെ ലംഘനമാണ്. പരസ്യങ്ങൾ പ്ലേ ആകാൻ അനുവദിക്കുകയോ അതല്ലെങ്കിൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോകൾ കാണാനായി യൂട്യൂബ് പ്രീമിയം പരീക്ഷിക്കുകയോ ആണ് ചെയ്യേണ്ടത്. ഈ വർഷം യൂട്യൂബ് തങ്ങളുടെ പരസ്യം നൽകുന്ന രീതികളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മെയ് മാസത്തിൽ യൂട്യൂബിന്റെ ടിവി ആപ്പിൽ 30 സെക്കൻഡ് ഒഴിവാക്കാനാകാത്ത പരസ്യങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു.
പ്രീമിയം പ്ലാനുകൾ
യൂട്യൂബ് പ്രീമിയം എടുക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരസ്യങ്ങൾ സ്കിപ്പ് ചെയ്യാനാകാത്ത രീതിയിൽ നൽകുന്നത്. നിലവിൽ ഇന്ത്യയിൽ നാല് യൂട്യൂബ് പ്രീമിയം പ്ലാനുകളാണുള്ളത്. ഒരു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി റിന്യൂ ചെയ്യാതെ യൂട്യൂബ് ഉപയോഗിക്കാൻ 139 രൂപയാണ് നൽകേണ്ടി വരുന്നത്. ഓട്ടോ റിന്യൂ ഓപ്ഷൻ നൽകിയാൽ 129 രൂപ നൽകിയാൽ മതിയാകും. ഇതിലൂടെ ഒരു മാസത്തേക്ക് സൗജന്യ ആക്‌സസും ലഭിക്കുന്നു. മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയത്തിനായി 399 രൂപയാണ് നൽകേണ്ടത്. പന്ത്രണ്ട് മാസത്തേക്കായി 1,290 രൂപ നൽകേണ്ടി വരും.