മുംബൈ : നീലച്ചിത്രക്കേസിൽ നടി ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചു. കുന്ദ്ര ഉൾപ്പെടെ നാലുപേർക്കെതിരേ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനുപിന്നാലെയാണ് ജാമ്യം ലഭിക്കുന്നത്. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തനിക്കെതിരേ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഈ കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നും കാണിച്ച് ശനിയാഴ്ചയാണ് രാജ് കുന്ദ്ര മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
50,000 രൂപയുടെ ഈടിൻമേൽ തിങ്കളാഴ്ചതന്നെ കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. നീലച്ചിത്രങ്ങൾ ചിത്രീകരിച്ച് ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി ജൂലായ് മാസത്തിലാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റുചെയ്തത്. ജാമ്യം നിഷേധിക്കപ്പെട്ട കുന്ദ്ര ഇത്രനാൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. അശ്ലീലചിത്രങ്ങൾ നിർമിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിതരണംചെയ്തെന്ന കേസിൽ നടി ഗഹന വസിഷ്ഠ് ഉൾപ്പെടെ ഒമ്പതു പേർക്കെതിരേ മുംബൈ പോലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
രാജ് കുന്ദ്രയുടെയും ഭാര്യാസഹോദരൻ പ്രദീപ് ബക്ഷിയുടെയും കുന്ദ്രയുടെ സ്ഥാപനത്തിൽ ഐ.ടി. വിഭാഗം മേധാവിയായ റയാൻ തോർപ്പിന്റെയും കൂട്ടുപ്രതി അരവിന്ദ് കുമാർ ശ്രീവാസ്തവയുടെയും പേരിലാണ് കഴിഞ്ഞയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അശ്ലീല ചിത്രങ്ങൾ നിർമിച്ചിട്ടില്ലെന്നും കലാമൂല്യമുള്ള രതിചിത്രങ്ങൾ വിതരണംചെയ്യുന്നവർക്കുവേണ്ടി മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഒരുക്കിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കുന്ദ്രയുടെ വാദം.