ബേപ്പൂര്‍ : അറ്റകുറ്റപ്പണിക്കിടെ ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ ‘തത്വമസി’ എന്ന ബോട്ടില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അഗ്നിബാധയുണ്ടായത്. പുതിയ ജെട്ടിയില്‍ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറില്‍നിന്നു തീപടര്‍ന്നു പിടിച്ചതാണെന്നാണ് സൂചന. ഉടന്‍ തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.
എന്‍ജിന്‍ മുറിയാണ് പ്രധാനമായും കത്തിയതെങ്കിലും യന്ത്രത്തിന് കാര്യമായ തകരാറില്ല. ബോട്ടിന് തീപിടിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ബോട്ടുടമ ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി കോട്ടായി സതീശനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ബോട്ടില്‍ ഒമ്പത് തൊഴിലാളികളുണ്ടായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.