തിരുവനന്തപുരം : വിതുര ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കന്യാകുമാരി കല്‍ക്കുളം സ്വദേശി ക്രിസ്റ്റഫര്‍ പേബസ് (37) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൂന്ന് മാസമായി കല്‍കുളത്ത് നിന്നും കേരളത്തില്‍ വന്നിട്ട്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടില്‍ ക്രിസ്റ്റഫർ ഇടയ്ക്ക് വരാറുണ്ടായിരുന്നു. രാധാമണിയുടെ വീട്ടില്‍ ഇടയ്ക്ക് വരുന്നത് കൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചില്ല. ക്രിസ്മസിന് ശേഷം കല്‍കുളത്തെ വീട്ടില്‍ വന്നിട്ടില്ല എന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ക്രിസ്റ്റഫറിന് ആശാരി ജോലിയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.
അവിടെ നിന്നും കിട്ടിയ ബാഗില്‍ ആധാര്‍ കാര്‍ഡും മൊബൈലും കിട്ടിയിരുന്നു. അത് വെച്ചായിരുന്നു അന്വേഷണം. രാധാമണിയുടെ വീട്ടില്‍ കുറച്ച് നാള്‍ മുമ്പ് വന്നതായി മൊഴി ലഭിച്ചിരുന്നു. മദ്യപിക്കുന്ന ആള്‍ കൂടിയാണ് ക്രിസ്റ്റഫർ. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു ചെറിയ കുപ്പി കണ്ടെത്തിയിട്ടുണ്ട്. അത് വിഷമാണോയെന്ന് സംശയിക്കുന്നു. എങ്ങനെ മരണം സംഭവിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞേ വ്യക്തമാകൂ. മൂന്ന് ഭാഗമായി അസ്ഥി രൂപത്തില്‍ ആണ് മൃതദേഹം കിട്ടിയത്. അതിനാൽ പോസ്റ്റുമോര്‍ട്ടത്തിന് കാലതാമസം വരും. അസ്ഥികള്‍ ലാബില്‍ അയയ്ക്കും. മൃഗങ്ങള്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. ദുരൂഹത തേടി വിതുര പോലീസും ഊർജിതമായി അന്വേഷിക്കുന്നുണ്ട്.