തിരുവല്ല : തലച്ചോറ് ചിന്നി ചിതറിയ നിലയിൽ യുവാവിന്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികിൽ. തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർവശം തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിന്റെ മകൻ നെവിൻ തോമസ് (35)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ എം സി റോഡരികിൽ കാണപ്പെട്ടത്.
കെ.എസ്.ആര്‍.ടിസിക്കു സമീപം ഹോട്ടൽ തിലകിലേക്ക് കയറുന്ന ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. തിലകിനടുത്തുള്ള പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുവല്ല സി ഐ പറഞ്ഞു. ഈ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലന്ന് ഡ്രൈവർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിക്ക് യുവാവ് വീട്ടിൽ നിന്ന് പോയതാണെന്ന് വീട്ടുകാർ പറയുന്നു. ബാർ ഹോട്ടലിന് മുന്നിൽ യുവാവിന്റെ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പേഴ്സ് ബാർ ഹോട്ടലിന് സമീപത്തുള്ള റോഡിലെ വളർന്ന് നിൽക്കുന്ന പുല്ലിനിടയിൽ നിന്നും പോലീസ് കണ്ടെടുത്തു.
രാത്രി അമിതമായി മദ്യപിച്ച യുവാവിനെ ബാറിൽ നിന്നും ഇറക്കി വിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പോലീസിനെ അറിയിച്ചത്. പോലീസ് എത്തി വിശദമായ പരിശോധന നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം പിന്നീട്. മാതാവ് – അന്നമ്മ തോമസ് (ലില്ലിക്കുട്ടി-സെന്റ് ജോർജ്ജ് ബേക്കറി). വിവാഹബന്ധം വേർപെടുത്തി കഴിയുന്ന നെവിന് ഒരു മകളുണ്ട്.
അതേ സമയം ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിന്റെ അമ്മ ലില്ലിക്കുട്ടി കഴിഞ്ഞ ദിവസം സി ഐ ക്ക് പരാതി നൽകിയിരുന്നു. ആരെങ്കിലും അപായപ്പെടുത്തി ഇട്ടതാണോ അതോ അപകട മരണമാണോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നു.