ഭോപ്പാൽ : മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമഗലം സ്വദേശി നിർമ്മൽ ശിവരാജനാണ് മരിച്ചത്. എറണാകുളം മാമംഗലം സ്വദേശി നിർമ്മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു.
നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിര്‍മ്മലിന്‍റെ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം.