പാലക്കാട് : പട്ടാമ്പി കൊലപാതക കേസിൽ പോലീസ് തിരയുന്ന യുവാവിന്‍റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ എന്ന യുവാവിനെ വെട്ടിക്കൊന്നത്. സംഭവത്തിൽ അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കബീറിനായി തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൃത്താല പോലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ്, ഫോറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പോലീസിന് മൊഴി നൽകിയത്.
ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.