മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ ശിവസേനയില്‍ ചേര്‍ന്നു. അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അംഗത്വം സ്വീകരിച്ചയുടനെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഊര്‍മിളയെ പാര്‍ട്ടി നോമിനേറ്റ് ചെയ്തു. ഗവര്‍ണര്‍ ബി.എസ് കോഷിയാരിക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കത്തയച്ചു.
ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ‘ശിവ് ബന്ധന്‍’ കെട്ടിക്കൊണ്ടാണ് ഊര്‍മിളയെ സ്വീകരിച്ചത്. പ്രിയങ്ക ചതുര്‍വേദി, കിശോരി പട്നേക്കര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈയില്‍ നിന്നും ബി.ജെ.പി നേതാവ് ഗോപാല്‍ ഷെട്ടിക്കെതിരെ മത്സരിച്ച് തോറ്റു. പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് 167 ദിവസത്തിനകമായിരുന്നു രാജി. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രംഗപ്രവേശം.