മുംബൈ : കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ബോളിവുഡ് നിര്‍മ്മാതാവ് അനില്‍ സുരി അന്തരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് മുംബൈയിലെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു. കര്‍മ്മയോഗി, രാജ് തിലക്ക് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയും തുടര്‍ന്ന് കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടിരുന്നുവെന്ന് സഹോദരന്‍ രാജീവ് സുരി പറഞ്ഞു. പിന്നീട് ആരോഗ്യനില വഷളായതോടെ മുംബൈ ലീലാവതി ആശുപത്രിയിലും ഹിന്ദുജ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി സഹോദരനും ചലച്ചിത്ര നിര്‍മ്മാതാവുമായ രാജീവ് സുരി ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.