ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വിവാഹിതനാവുന്നു. ഫാഷന്‍ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ നന്ദിത മഹ്‍താനിയാണ് വധു. ഈ മാസം ഒന്നിന് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ പ്രശസ്‍തയാണ് നന്ദിത.
നന്ദിതയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യുത് ജാംവാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഈ മാസം ഒന്നിന് ഇരുവരും ആഗ്രയില്‍ ഉണ്ടായിരുന്നു.
താജ്‍മഹലിന്‍റെ പശ്ചാത്തലത്തിലുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ഇരുവരും വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
നന്ദിത മഹ്‍താനിയുടെ രണ്ടാം വിവാഹമാണിത്. വ്യവസായി സഞ്ജയ് കപൂര്‍ ആണ് അവരുടെ ആദ്യ ഭര്‍ത്താവ്. നന്ദിതയുമായി വേര്‍പിരിഞ്ഞതിനു ശേഷം ബോളിവുഡ് താരം കരിഷ്‍മ കപൂറിനെയാണ് സഞ്ജയ് വിവാഹം കഴിച്ചത്. അതേസമയം മോഡലും നടനുമായ ദിനോ മോറിയയുമായി ചേര്‍ന്ന് പ്ലേഗ്രൗണ്ട് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട് നന്ദിത.
ആക്ഷന്‍ ചിത്രങ്ങളിലൂടെ സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിദ്യുത് ജാംവാല്‍. 2011ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ‘ശക്തി’യിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച വിദ്യുത് അതേ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം നായകനായ ‘ഫോഴ്സി’ലൂടെ ബോളിവുഡിലേക്കുമെത്തി. 2013ല്‍ എത്തിയ കമാന്‍ഡോയാണ് നായകനായ ആദ്യ ചിത്രം.