കൊച്ചി: ലഹരി ഉപയോഗം പോലീസുകാരുടെ മക്കൾക്കിടയിലും വ്യാപകമാണെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പോലീസ് കമീഷണർ കെ.സേതുരാമൻ. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെന്നും അദ്ദേഹത്തിന്റെ കുടുംബം വലിയ പ്രതിസന്ധിയിലാണെന്നും കമീഷണർ പൊതുവേദിയിൽ തുറന്നടിച്ചു. അങ്കമാലിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
പോലീസ് എങ്ങനെ ഇത് പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകണം. തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവർത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്തരം നിരവധി കേസുകൾ കാണുന്നുണ്ട്. എല്ലാ റാങ്കിലുമുള്ള പോലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്.പി.യുടെ രണ്ട് ആൺകുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രതിസന്ധിയിലായി. ഇക്കാര്യം വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ടെന്ന് -കെ. സേതുരാമൻ പറഞ്ഞു.