ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിൽ തവളയുടെ കാൽ കണ്ടെത്തി. ഗാസിയാബാദിലെ ഒരു ബേക്കറിയിൽ നിന്നും വാങ്ങിയ സമൂസയിലാണ് തവളയുടെ കാലിന്‍റെ ഭാഗം കണ്ടെത്തിയത്. സംഭവത്തിൽ യുവാവിന്‍റെ പരാതിയിൽ പോലീസ് ബേക്കറി ഉടമയ്ക്കെതിരെ കേസെടുത്തു. യുവാവ് വീട്ടിലെത്തി സമൂസ കഴിക്കുന്നതിനിടെയാണ് ഉള്ളിൽ തവളയുടെ ശരീരഭാഗം കണ്ടെത്തിയത്. ഇതോടെ ഉപഭോക്താവ് സമൂസയുമായി ബേക്കറിയിലെത്തി. സമൂസയ്ക്കുള്ളിൽ തവളയുടെ കാൽ എങ്ങനെ വന്നുവെന്ന് ചോദിച്ച് ഉടമയോട് വഴക്കിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ആദ്യം ബേക്കറിയിലെത്തിയ യുവാവിനോട് ജീവനക്കാർ സംസാരിക്കുന്നതും പിന്നീട് ഉടമയെ വിളിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബേക്കറി ഉടമയെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഭക്ഷ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തവളയുടെ കാലടങ്ങിയ സമൂസയടക്കം സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പും അറിയിച്ചു.