ഇതരഭാഷാ വിജയ ചിത്രങ്ങള്‍ കേരളത്തില്‍ നേടുന്ന കളക്ഷനില്‍ സമീപകാലത്ത് വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ പലതും ഇതരഭാഷാ ചിത്രങ്ങളാണ് ഇപ്പോള്‍. കേരളത്തിലെ ഏറ്റവും വലിയ ഇതരഭാഷാ വിജയങ്ങളുടെ ലിസ്റ്റ് ഇടയ്ക്കിടെ പരിഷ്കരിക്കപ്പെടുന്നുമുണ്ട്. അത്തരത്തില്‍ ലിസ്റ്റിലെ പുതിയൊരു പരിഷ്കരണം പുതുതായി നടക്കാന്‍ പോവുകയാണ് ഇന്ന്. ഒരു തമിഴ് ചിത്രം നേടുന്ന കേരളത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോര്‍ഡ് നിലവില്‍ രജനികാന്ത് ചിത്രം ജയിലറിന്‍റെ പേരിലാണ്. ഇപ്പോള്‍ തിയേറ്ററുകളിലുള്ള വിജയ് ചിത്രം ലിയോ ആണ് ജയിലറിനെ പിന്തള്ളി ലിസ്റ്റില്‍ ഒന്നാമതെത്താന്‍ പോകുന്നത്. ജയിലര്‍ കേരളത്തില്‍ നിന്ന് നേടിയത് 57.7 കോടി ആയിരുന്നു. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലെത്തിയ ചിത്രം 15 ദിവസം കൊണ്ട് (നവംബര്‍ 2 വരെ) ഇവിടെ നിന്ന് നേടിയത് 57 കോടിയാണ്. ഇന്നത്തെ കളക്ഷന്‍ കൂടി ചേരുമ്പോള്‍ ചിത്രം ജയിലറിനെ മറികടക്കുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
ജയിലര്‍ ഒരു രജനികാന്ത് ചിത്രമാണെങ്കിലും കേരളത്തില്‍ ഇത്ര വലിയ വിജയം നേടിയതിന് പിന്നില്‍ മലയാളി ഘടകങ്ങളും ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവും മലയാളികള്‍ക്ക് ചിത്രത്തോട് താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. കോളിവുഡില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. എല്‍സിയു റെഫറന്‍സുകളോടെയാണ് ലോകേഷ് ലിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.