പാട്ന : ബിഹാറിലെ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തി. നേരത്തെ കുട്ടി മരിച്ചതായി കണക്കാക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരി എട്ടിനാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ കുടുംബം 5,000 രൂപയാണ് കൈമാറിയത്. ഇതിന് ശേഷം ഫെബ്രുവരി 28 ന് ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെടുത്തിരുന്നു. ആളുകൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കവെ മാർച്ച് ഒന്നിന് കുട്ടി മരിച്ചു. പരാതി നിലനിൽക്കുന്നതിനാൽ കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് സമ്മർദ്ദം ചെലുത്തി ഡിഎൻഎ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു. മൃതദേഹം കാണാതായ മകന്റേതാണെന്ന് അംഗീകരിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു. ഈ സംഭവം ദർഭംഗയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് അശ്രദ്ധ ആരോപിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് കുടുംബം മൃതദേഹം സംസ്കരിക്കുകയും സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷമാണ് ആൺകുട്ടി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയത്.