തിരുവനന്തപുരം : കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് 1000 രൂപ വീതമുള്ള ധനസഹായം വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ ബാങ്കുകള്‍ വഴിയാണ് ധനസഹായം നല്‍കുന്നത്. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് സഹായം ലഭിക്കുക. 14,78,236 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. റേഷന്‍ കാര്‍ഡ് ഉടമയാണ് ഗുണഭോക്താവെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ഗുണഭോക്താക്കളുടെ പട്ടിക ബുധനാഴ്ച റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയില്‍ പേരുള്ളവര്‍ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം നല്‍കിയിരുന്ന സത്യ പ്രസ്താവന പൂരിപ്പിച്ചു പണവുമായി സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തുമ്പോള്‍ ഒപ്പിട്ട് ഏല്‍പ്പിച്ചു പണം കൈപ്പറ്റണം.
പണവുമായി എത്തുമ്പോള്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് യാതൊരു തുകയും നല്‍കേണ്ടതില്ല. വിതരണം നടത്തുന്നതിന് വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്. യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഇനി ഇത്തരം സഹായം നല്‍കേണ്ടി വരികയാണെങ്കില്‍ നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാനുമാണ് സത്യപ്രസ്താവനയില്‍ ബാങ്ക് അക്കൗണ്ട് നമ്പറും ഒന്നില്‍ കൂടുതല്‍ ആധാര്‍ നമ്പറും രേഖപ്പെടുത്തുന്നത്.
ബിപിഎല്‍, അന്ത്യോദയ റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ /ക്ഷേമ നിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയുമായി ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഒത്തു നോക്കി പെന്‍ഷന്‍ വാങ്ങാത്തവരെ കണ്ടു പിടിക്കുകയാണ് ചെയ്തത്. ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ കേരളം, സംസ്ഥാന സര്‍ക്കാരിന്റെ IITMK എന്നീ സ്ഥാപനങ്ങള്‍ ആണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഈ ഇനത്തില്‍ യാതൊരു സാമ്പത്തിക സഹായവും നല്‍കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.