തിരുവനന്തപുരം: കൊച്ചിയെ ശ്വാസംമുട്ടിക്കുന്ന വിഷപ്പുകയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യതയേറെയാണ്. മാലിന്യക്കൂമ്പാരത്തിന് തീയിട്ടാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പെട്രോളൊഴിച്ച് പലേടത്തായി തീയിട്ടതാണെന്നും അതിനാലാണ് ദിവസങ്ങളെടുത്തിട്ടും കെടുത്താന്‍ സാധിക്കാത്തതെന്നും അഗ്നിശമന സേനാംഗങ്ങള്‍ തന്നോട് പറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ പ്ലാന്റിലെ തീപിടുത്തം ഒരു ക്രിമിനല്‍ കുറ്റമാവും. അതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുമുണ്ടാവും. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിടാന്‍ സാദ്ധ്യതയേറെയാണ്. ഹൈക്കോടതി ഉത്തരവിട്ടാല്‍ സി.ബി.ഐയ്ക്ക് കേസ് അന്വേഷിച്ചേ മതിയാവൂ.
ബ്രഹ്മപുരത്തെ തീപിടുത്തം സി.ബി.ഐ അന്വേഷിച്ചാല്‍ കുടുങ്ങുക സര്‍ക്കാരായിരിക്കും. ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം ദുരന്തനിവാരണ നിയമം ഉപയോഗിച്ച് 2020 മാര്‍ച്ച് അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഏറ്റെടുത്ത ഉത്തരവാണ് സര്‍ക്കാരിന് കുരുക്കാവുക. കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായും നിശ്ചയിച്ചു. എന്നാല്‍ ഉത്തരവിറക്കിയതിനപ്പുറം ഒരു നടപടിയുമെടുത്തില്ല. മാലിന്യ നീക്കത്തിന് ടെന്‍ഡര്‍ വിളിക്കാനുള്ള കൊച്ചി കോര്‍പറേഷന്‍ ആരംഭിച്ചിരുന്ന നടപടികളെല്ലാം ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തിരുന്നു. മാലിന്യസംസ്കരണത്തിന് കൊച്ചി നഗരസഭ ഫലപ്രദമായ നടപടിയെടുക്കാത്തതിനാലാണ് ദുരന്തനിവാരണ വകുപ്പിലെ സെക്ഷന്‍ 24(ഇ) പ്രയോഗിച്ച് ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തത്.
തദ്ദേശവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാലിന്യം നീക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.വി.വേണു ഇറക്കിയ ഉത്തരവിലുണ്ടായിരുന്നത്. ദുരന്ത നിവാരണ അതോറിട്ടി യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെയാണ് കോര്‍പറേഷന് മാലിന്യം നീക്കാന്‍ കഴിയാത്ത സാഹചര്യമായതെന്നും അന്നത്തെ യു.ഡി.എഫ് ഭരണസമിതി മാലിന്യനീക്കത്തിന് ശ്രമിച്ചപ്പോഴെല്ലാം പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ് തടയുകയായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേഷനിലെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സതീശന്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു. അതേസമയം ബ്രഹ്മപുരത്തെ മാലിന്യം നീക്കാനുള്ള അജന്‍ഡ 23തവണ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മാറ്റിവച്ചപ്പോഴാണ് തദ്ദേശവകുപ്പ് ചുമതല ഏറ്റെടുത്ത് ഉത്തരവിറക്കിയതെന്നാണ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്.
മാലിന്യസംസ്കരണത്തിന്റെ മറവില്‍ നടന്ന കോടികളുടെ കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടുത്തത്തിന് പിന്നില്‍ ക്രിമിനല്‍ നടപടിയാണെന്നും പതിനായിരക്കണക്കിനാളുകളെ വിഷപ്പുകയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചത് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 22കോടി മുന്‍കൂറായി വാങ്ങിയെടുത്തിട്ട് ഒന്നും ചെയ്യാതെ, കരാറുകാര്‍ മാലിന്യക്കൂമ്പാരം പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് സതീശന്‍ ആരോപിച്ചു. സ്വാഭാവിക തീപിടുത്തമല്ലാത്തതിനാലാണ് തീപടര്‍ന്ന ഭാഗം മാത്രം അണയ്ക്കാനാവാത്തത്. മാലിന്യസംസ്കരണം നടത്താത്തത് പരിശോധനയില്‍ തെളിയുമെന്നതിനാല്‍ എല്ലായിടത്തും തീകൊളുത്തുകയായിരുന്നു. ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അഴിമതിക്ക് അവസരമൊരുക്കിയത് അന്വേഷിക്കണം. കരാറുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കരാറുകാരുടെ വക്താവിനെപ്പോലെയാണ് മന്ത്രി സംസാരിക്കുന്നത്.
പത്തുകോടിയുടെ പ്രവൃത്തി ചെയ്ത് മുന്‍പരിചയമുണ്ടാവണമെന്ന വ്യവസ്ഥപോലും കമ്ബനിക്ക് പാലിക്കാനായില്ല. മുന്‍പ് പങ്കാളിത്തമുണ്ടായിരുന്ന ജര്‍മ്മന്‍ കമ്പനിയുടെ 2.5മില്യണ്‍ യൂറോ പറ്റിച്ചതിന് ജര്‍മ്മന്‍ സ്ഥാനപതി ബംഗളുരുവിലെത്തി കമ്പനിക്കെതിരേ കേസുകൊടുത്തു. കണ്ണൂര്‍, കൊല്ലം നഗരസഭകള്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി. വമ്ബന്‍ കൊള്ളനടത്തിയിട്ടും അന്വേഷണമില്ല. 12ദിവസമായിട്ടും പ്രാഥമിക റിപ്പോര്‍ട്ടുപോലുമില്ല. സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സമാനമാണ് വിഷപ്പുകയെന്നും ഭരണകൂടത്തിന്റെ പിടിപ്പുകേടുണ്ടായെന്നും ജനങ്ങളുടെ ജീവനായി ഹൈക്കോടതി ഇടപെട്ടശേഷമാണ് സര്‍ക്കാര്‍ അനങ്ങിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐയുടെ അന്വേഷണമോ പ്രഖ്യാപിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ട്.