റാന്നി : കുട്ടികൾക്ക് വിജ്ഞാനം പകർന്ന് റാന്നി വൈക്കം ഗവ.യു.പി.സ്‌കൂളിൽ ബ്രയിൻ വേവ് എക്‌സ്‌പോ നടന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പഴയ ക്യാമറകൾ, കാർഷികവിളകളെ ആക്രമിക്കുന്ന വിവിധ കീടങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾക്ക് കൗതുകക്കാഴ്ചകളായി. ഇലവുംതിട്ട സ്വദേശിയും വൈദ്യുതി ബോർഡിലെ റിട്ട.എൻജിനീയറുമായ എം.പി. മോഹനനാണ് നാണയപ്രദർശനവുമായി എത്തിയത്. 200-ൽപ്പരം രാജ്യങ്ങളിലെ നാണയങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാർഷികവിളകളെ ആക്രമിക്കുന്ന വിവിധയിനം കീടങ്ങളുടെ പ്രദർശനവും വിവിധയിനം മില്ലറ്റ്, റാഗി ചെടി, ചോളം ചെടി ഉൾപ്പെടെ വിവിധയിനം പച്ചക്കറിത്തൈകളുടെ വിതരണവും നടന്നു. വിവിധ ഉത്പന്നങ്ങളുമായി വനംവകുപ്പും എക്‌സ്‌പോയിൽ സ്റ്റാളൊരുക്കിയിരുന്നു. ഒപ്പം ആർ.ആർ.ടി.യുടെ വീഡിയോ പ്രദർശനവും നടന്നു. കെ.എസ്.ഇ.ബി.യുടെ ഗാർഹിക സുരക്ഷാഉപകരണങ്ങളുടെ പ്രദർശനങ്ങൾ, പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി പദ്ധതികളുടെ വിവരണം, പഴയകാല ക്യാമറകളുടെ ശേഖരങ്ങൾ, കുട്ടികൾ നിർമിച്ച വിവിധ ശാസ്‌ത്രോപകരണങ്ങൾ എന്നിവ പ്രദർശനത്തിൽ ശ്രദ്ധ ആകർഷിച്ച ഇനങ്ങളിൽപെടുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, പഞ്ചായത്തംഗം മന്ദിരം രവീന്ദ്രൻ, സ്‌കൂൾ പ്രഥമാധ്യാപകൻ സി.പി. സുനിൽ, പി.ടി.എ. പ്രസിഡന്റ് രഘുകുമാർ തുടങ്ങിയവർ പ്രദർശനത്തിന് നേതൃത്വം നൽകി.