ഭക്ഷണത്തിലെ രാജാവാണ് പ്രഭാതഭക്ഷണം എന്ന് നമുക്ക് അറിയാം. എങ്കിലും രാവിലെ ഭക്ഷണം കഴിക്കാതെ നമ്മുടെ പണിതിരക്കുകളിലേക്ക് ഓടുന്നവരാണ് നമ്മളിൽ മിക്കവരും. തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ പ്രഭാത ഭക്ഷണം വേണ്ടെന്ന് വെക്കുന്നു. കാരണം എന്തുതന്നെയാണെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കും. സ്ഥിരമായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് നോക്കാം.
പല പഠനങ്ങളിലും പ്രഭാത ഭക്ഷണം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ധാരണാശേഷിയും അക്കാദമിക പ്രകടനവുമെല്ലാം കാഴ്ചവെക്കാൻ പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് ഭാരം കുറയ്ക്കാൻ നമ്മളെല്ലാവരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. എന്താണ് കാരണം എന്നല്ലേ? രാത്രി മുഴുവൻ വിശന്നിരിക്കുന്ന ശരീരത്തിന് രാവിലെ കൂടി ഭക്ഷണം ലഭിക്കാതെയിരിക്കുന്നത് മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. മാത്രവുമല്ല കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കാനും സാധ്യതയുണ്ട്. ഇത് ശരീര ഭാരം വർദ്ധിക്കാൻ കാരണമാകും.
കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, തലവേദന, തലകറക്കം എന്നിവയ്ക്കും ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാകും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും പോഷക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. പ്രഭാത ഭക്ഷണം ലഭിക്കാത്തത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. അത് ദിവസം മുഴുവൻ കടുത്ത ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.