പുനലൂര്‍ : തമിഴ്നാട്ടില്‍നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ കേരളത്തിലേക്ക് വന്ന യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി കടത്തിവിടാന്‍ ശ്രമിച്ച പോലീസുകാരനെയും ഓട്ടോ ഡ്രൈവറെയും തെന്മല പോലീസ് അറസ്റ് ചെയ്തു. ആര്യങ്കാവ് കോവിഡ് ചെക്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.ആര് ക്യാമ്പിലെ പോലീസുകാരന് ചവറ സ്വദേശി സജിത്, കോട്ടവാസല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയിംസ് ആരോഗ്യരാജ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ സേലത്ത് നിന്ന് ഓച്ചിറയിലേക്ക് രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ ആര്യങ്കാവ് അതിര്‍ത്തി കടത്തിവിടുന്നതിനാണ് ഓട്ടോഡ്രൈവര്‍ ഇടനിലക്കാരനായി പോലീസുകാരന് കൈക്കൂലി വാങ്ങിയത്.
ആര്യങ്കാവിലെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പാസില്‍ എത്തിയ യുവാക്കളെ ബൈക്കിന് മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ആര്യങ്കാവില്‍ പോലീസ് ഔട്ട് പോസ്റ്റില്‍ തടഞ്ഞു. തിരിച്ച് കോട്ടവാസലില്‍ എത്തിയ യുവാക്കളെ സഹായിക്കാനാണ് ഓട്ടോഡ്രൈവര്‍ ജയിംസ് ആരോഗ്യരാജ് രംഗത്ത് എത്തിയത്.
ബൈക്ക് ഇവിടെ സൂക്ഷിച്ചശേഷം ഓട്ടോയില്‍ അതിര്‍ത്തി കടക്കാനായിരുന്നു ശ്രമം. പരിശോധന ഒഴിവാക്കാന്‍ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിന് സമീപത്ത് ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത് എന്ന പോലീസുകാരനുമായി ബന്ധപ്പെട്ടു. കോവിഡ് ക്യാമ്പ് കടത്തിവിടുന്നതിന് 2000 രൂപ പോലീസുകാരനും 3000 രൂപ ഓട്ടോ ഡ്രൈവര്‍ക്കുമായി പറഞ്ഞ് കരാര്‍ ഉറപ്പിച്ചു.
കൈയില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മറ്റൊരു സഹൃത്ത് വഴി യുവാക്കള്‍ പോലീസുകാരന്റെ അക്കൗണ്ടിലേക്ക് 2000 രൂപ ഓണ്‍ലൈനായി അയക്കുകയായിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ പോലീസുകാരന് പണം തിരികെ അയച്ചുകൊടുത്തു. ഇത് തെളിവായി എടുത്ത് രാത്രിയോടെ തെന്മല സ്റ്റേഷന് ഓഫീസര്‍ വിശ്വംഭരനും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.