കോട്ടയം: ചങ്ങനാശേരി നഗരസഭ ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ റവന്യു ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയിലായി. റവന്യു ഓഫീസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി. സുശീല (52), റവന്യു ഇന്‍സ്‌പെക്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര്‍. ശാന്തി (50) എന്നിവരെയാണ് വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശിയുടെ പുതിയതായി നിര്‍മ്മിച്ച വീടിന് കരം അടയ്ക്കാന്‍ ഇയാളുടെ സുഹൃത്ത് നഗരസഭ ഓഫീസില്‍ എത്തുകയായിരുന്നു. എന്നാല്‍ കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും ഇതിന് അയ്യായിരം കൈക്കൂലി വേണമെന്നും വനിതാ ഓഫീസര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ കൈക്കൂലിയുമായി ഓഫീസില്‍ എത്തി. സുശീലയുടെ നിര്‍ദ്ദേശപ്രകാരം ശാന്തി ഈ തുക വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥ്, ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, എ.ജെ തോമസ്, റെജി എം.കുന്നിപ്പറമ്പന്‍, എസ്.ഐമാരായ വിന്‍സെന്റ് കെ.മാത്യു, കെ.സന്തോഷ്, കെ.സന്തോഷ്‌കുമാര്‍, ടി.കെ അനില്‍കുമാര്‍, പി.എസ് പ്രസന്നകുമാര്‍, എ.എസ്.ഐ സി.എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാന്‍ലി തോമസ്, വി.എന്‍ സുരേഷ്‌കുമാര്‍, എം.പി പ്രദീപ്കുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിനി, നീതു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, കെ.ജി ബിജു, എന്‍.സുനീഷ് എന്നിവര്‍ ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.