പെരിന്തല്‍മണ്ണ : കാഴ്ചയില്ലാത്ത വയോധികക്ക് കാല്‍വിരലില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് കൈയ്യോടെ പിടികൂടി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി സേവനം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ. ടി. രാജേഷിനെ (49) ആണ് വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ സി.ഐമാരായ ജ്യോതീന്ദ്രകുമാര്‍, ഗംഗാധരന്‍ എന്നിവര്‍ പിടികൂടിയത്.പെരിന്തല്‍മണ്ണ ആലിപ്പറമ്പിലെ തച്ചന്‍കുന്ന് വീട്ടില്‍ ഖദീജ(60)ക്കാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.
പ്രമേഹം കൂടിയാണ് ഇവരുടെ കാഴ്ച ഇല്ലാതായത്. കാലിന്റെ ചെറുവിരല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഡോ. രാജേഷിനെ ക്ലിനിക്കില്‍ പോയി കണ്ട് പരിശോധന നടത്തിയത് പ്രകാരം ജനുവരി 10ന് ജില്ലാ ആശുപത്രിയില്‍ എത്തി അഡ്മിറ്റായി. തൊട്ടടുത്ത ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വാര്‍ഡില്‍ ശസ്ത്രക്രിയ കാത്ത് കിടന്ന നാലു രോഗികള്‍ക്കും അന്നേദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അകാരണമായി ഖദീജയെ ഒഴിവാക്കി.
പിന്നീട് തൊട്ടടുത്ത ശനിയാഴ്ച അവധിയുമായി. 28ന് വീണ്ടും ജില്ലാ ആശുപത്രി ഒ.പിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ക്ഷുഭിതനായി. ഇനി ഇവിടെ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടെന്ന് മകന്‍ ഷമീം പറഞ്ഞു. ഡോക്ടര്‍ക്ക് പണം കിട്ടാത്തത് കൊണ്ടാണെന്ന് മറ്റു രോഗികളില്‍ നിന്ന് മനസിലാക്കിയ മകന്‍ ഫെബ്രുവരി രണ്ടിന് വീണ്ടും ഇദ്ദേഹത്തിന്റെ സ്വകാര്യ ക്ലിനിക്കില്‍ പോയി പരിശോധിക്കുകയും അദ്ദേഹം പറഞ്ഞത് പ്രകാരം ഫെബ്രുവരി രണ്ടിന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. അഞ്ചിനാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കല്‍ എത്തി ഖജീജയുടെ മകന്‍ ശമീം പണം നല്‍കിയപ്പോഴാണ് മലപ്പുറം വിജിലന്‍സ് സംഘം പിടികൂടിയത്. 28ന് ആശുപത്രിയില്‍നിന്ന് ഡോക്ടര്‍ ക്ഷുഭിതനായി ഇറക്കിവിട്ടപ്പോള്‍ തന്നെ പുറത്തെ ബോര്‍ഡില്‍ ആന്‍റികറപ്ഷന്‍ വിഭാഗം ഫോണ്‍ നമ്പറില്‍ വിളിച്ചു പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് മറ്റു രോഗികള്‍ ചെയ്ത് പോലെ കൈക്കൂലിയായി 500 രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ഘട്ടത്തില്‍ വിജിലന്‍സ് സംഘമെത്തി പിടികൂടിയത്.
ക്ലിനിക്കിലും ഡോക്ടറുടെ വീട്ടിലും ജില്ലാ ആശുപത്രിയിലും ഒരേസമയം വിജിലന്‍സ് സംഘം പരിശോധന നടത്തി. എസ്.ഐമാരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, എസ്.എസ്.ഐ സലീം, ഹനീഫ, പ്രജിത്, ജിത്സ്, ദിനേശ്, രാജീവ്, വിജയകുമാര്‍, സബൂര്‍, ശിഹാബ് തുടങ്ങിയവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് പ്രതിയെ കൊണ്ടുപോയത്.