തുറവൂര്‍ : അരൂരില്‍ വ്യാപാര കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിലായി. അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ദേശീയപാതയില്‍ കുത്തിയതോട് ചമ്മനാടിനു സമീപം, ഇയാളുടെ വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ആലപ്പുഴ വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.
രണ്ടു ലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിന്റെ പേരില്‍ അനുമതി നിഷേധിച്ചു. സെക്രട്ടറിയുടെ പിടിവാശി കാരണം നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കാമെന്ന് അപേക്ഷകന്‍ സമ്മതിക്കുകയും വിവരം വിജിലന്‍സിന് കൈമാറുകയും ചെയ്തു. ഇന്നലെ വൈകിട്ട് വീട്ടിലേക്കുള്ള വഴിയിലെത്താന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ മണിയപ്പനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.