തിരുവനന്തപുരം : കൈക്കൂലിക്കേസിൽ പ്രതിയായ മലിനീകരണ നിയന്ത്രണ ബോർഡിലെ എഞ്ചിനീയർ ജോസ് മോനെ സസ്പെന്റ് ചെയ്തു. പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. കോട്ടയത്തെ വ്യവസായികളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ജോസ് മോനെ വിജിലൻസ് പ്രതിചേർത്തത്. പണം വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ ബോർഡ് എഞ്ചിനീയർ ഹാരീസിനെ വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിലാണ് ജോസ് മോനെ രണ്ടാം പ്രതിയാക്കിയത്.
ജോസ് മോൻ അഴിമതി കേസിൽ പ്രതിയായ കാര്യം വിജിലൻസ് മലനീകരണ നിയന്ത്രണ ബോർഡിനെയോ പരിസ്ഥിതി വകുപ്പിനെയോ അറിയിച്ചിരുന്നില്ല. അഴിമതിക്കേസിലെ പ്രതി തിരികെ സർവ്വീസിൽ കയറിയത് വിവാദമായതോടെ വിജിലൻസ് ഡയറക്ടർ ജോസ് മോനെതിരെ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.