കാക്കനാട് : സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ രണ്ട് സസ്‌പെന്‍ഷന്‍. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, ലിന്റോ എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പോലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയെ ചുമതലപ്പെടുത്തി. കളക്‌ട്രറേറ്റിനു സമീപം അത്താണിയില്‍ വാടകയ്ക്കു താമസിക്കുന്ന യുവാക്കളാണ് പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയത്. ഇവരുടെ മുറിയില്‍ നിന്ന് കഞ്ചാവ് കിട്ടിയെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പണം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടെന്നുമാണ് പരാതി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ പി.വി ബേബി സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. രാവിലെ യുവാക്കളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞിട്ടും ഇവരെ പിടികൂടിയിരുന്നില്ല. ഉച്ചയ്ക്ക് വരാമെന്നും പണം സംഘടിപ്പിച്ചു വയ്ക്കണമെന്നും പോലീസുകാര്‍ നിര്‍ദേശം നല്‍കിയെന്ന് യുവാക്കള്‍ പറഞ്ഞു. ഈ വിവരം നഗരസഭാ കൗണ്‍സിലറും സീരിയല്‍ നടനുമായ പി.സി മനൂപ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ അവിടെയെത്തി. പണം വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ വരുന്നത് നേരില്‍ കണ്ടു.