തിരുവല്ല: ഖരമാലിന്യ നിര്‍മാര്‍ജന കരാറുകാറില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വരെ പേടി സ്വപ്നമായിരുന്ന തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് ജീവനക്കാരി പന്തളം സ്വദേശി ഹസീന എന്നിവരെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ട്രാപ്പിലാക്കിയത്.
നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിന്‍കേരള കമ്പനിയായ ക്രിസ് ഗ്‌ളോബല്‍സ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തിരുവല്ല നഗരസഭയില്‍ നാരായണന്‍ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തില്‍ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാന്‍ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
സാം ക്രിസ്റ്റിയില്‍ നിന്ന് മുന്‍പും ഇയാള്‍ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കല്‍പ്പിച്ച് സാം പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാര്‍ ഉള്ളത്. മാലിന്യ പ്ലാന്റിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 2 ലക്ഷം രൂപ നല്‍കണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും തുക നല്‍കാനാവില്ലെന്ന് കരാറുകാരന്‍ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം 25000 രുപ നല്‍കണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും കരാറുകാരന്‍ വിവരം വിജിലെന്‍സിനെ അറിയിക്കുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരന്‍ കൊണ്ടുവന്ന നോട്ടുകളില്‍ വിജിലന്‍സ് ഫിനോഫ്തലില്‍ പുരട്ടി നല്‍കുകയും കരാറുകാരന്‍ ഇത് സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു. ഈ തുക തന്റെ അക്കൗണ്ടില്‍ ഇടാന്‍ പറഞ്ഞ് സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏല്‍പ്പിച്ചു. ഇവര്‍ പണവുമായി പോകാനൊരുങ്ങുമ്പോള്‍ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
മന്ത്രി സജി ചെറിയാന്റെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെയും പാര്‍ട്ടിക്കാരെയും കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ ബുദ്ധിമുട്ടിക്കും. നിയമത്തിന്റെ പഴുതുകള്‍ മുഴുവന്‍ അതിനായി ഉപയോഗിക്കും. ഇയാളുടെ ഉപദ്രവം ഭയന്ന് ആവശ്യക്കാര്‍ കൈക്കൂലി കൊടുക്കുകയായിരുന്നു. ചുരുക്കം ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ വര്‍ഗീസ് ഇയാളുടെ മാനസിക പീഡനം കാരണമാണ് രാജി വെച്ചത്. ആ ഒഴിവിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ സെക്രട്ടറി ചരടുവലി നടത്തി വരുമ്പോഴാണ് വിജിലന്‍സിന്റെ കെണിയില്‍ വീഴുന്നത്.
നഗരസഭ കൗണ്‍സിലിന്റെ അജണ്ടയും മിനുട്‌സും തനിക്ക് തോന്നുന്ന രീതിയില്‍ തയാറാക്കുന്നതായിരുന്നു പതിവ്. ഇതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മയെ മാനസികമായി ഇയാള്‍ പീഡിപ്പിച്ചത്. സ്ഥാനം രാജി വെച്ചതിന് പിന്നാലെ വിശദമായ പരാതി ശാന്തമ്മ വിജിലന്‍സിന് നല്‍കിയിരുന്നു. അതിന്മേല്‍ അന്വേഷണം തുടങ്ങാനിരിക്കേയാണ് ഇപ്പോള്‍ നാരായണന്‍ വിജിലന്‍സിന്റെ വലയിലായത്.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]