കോട്ടയം: പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻറ് സി.ജെ.എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസി ഈ രീതിയിൽ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്നതിൽ എൽസിക്ക് കൂട്ടാളികൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഓഫീസുമായും ബാങ്ക് ഇടപാടുകളുമായും ബന്ധപ്പെട്ടു കൂടുതൽ രേഖകൾ പരിശോധിക്കും. ഇന്നലെ രാത്രി എൽസിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
ഇന്നലെ ഉച്ചയോടെയാണ് വിജിലൻസ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എൽസിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരത്തെ കോളജിൽ നിന്നും എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയാണ് പരാതി നൽകിയത്. ഇതേ കുട്ടിയിൽ നിന്നും നേരത്തെ ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റിയ എൽസി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. എൽസിയെ സസ്പെൻഡ് ചെയ്തതായി റജിസ്ട്രാർ ഡോ.ബി.പ്രകാശ് കുമാർ അറിയിച്ചു. സംഭവത്തിൽ സിൻഡിക്കേറ്റ് അന്വേഷണത്തിന് വൈസ് ചാൻസലർ ശുപാർശ ചെയ്തിട്ടുണ്ട്.