പാലക്കാട്: പല്ലശനയില്‍ വിവാഹ ദിവസം വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും. വധൂവരന്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷന്‍ ഇടപെടലിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാള്‍ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്.
അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നുമുള്ള തരത്തില്‍ രണ്ടു അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു.