കോട്ടാങ്ങല്‍: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ ചിറക്കല്‍പാറയില്‍ പുതിയ പാലം നിര്‍മിക്കാന്‍ ഭരണാനുമതി. 76 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമുള്ള പാലത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയുമടക്കം 20.22 കോടി രൂപയുടെ നിര്‍മാണത്തിനാണ് അനുമതി ലഭിച്ചത്. 2022 ല്‍ പാലം നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ 13 കോടി രൂപ അനുവദിച്ചിരുന്നു. ആ വര്‍ഷം ജൂണില്‍ ആറ്റിലും ഇരുകരകളിലുമായി മണ്ണുപരിശോധനയും പൂര്‍ത്തിയായിരുന്നു.
ചിറയ്ക്കപ്പാറക്കടവില്‍ കടത്തുവള്ളം മുടങ്ങിയിട്ട് 4 വര്‍ഷം പിന്നിട്ടു. പൊതുമരാമത്തുവകുപ്പിന്റെ കടത്ത് വള്ളം 2019 ല്‍ നിലച്ചതാണ്. അതിനുശേഷം മേഖലയിലെ ജനങ്ങള്‍ കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് മറുകരയെത്തുന്നത്. പുതിയപാലം യാഥാര്‍ഥ്യമായാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലാളികളുടെയും യാത്രാക്ലേശത്തിന് പരിഹാരമാകും. കോട്ടാങ്ങല്‍, ചുങ്കപ്പാറ, പൊന്തന്‍പുഴ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് താഴത്തുവടകര, വെള്ളാവൂര്‍, പത്തനാട്, കങ്ങഴ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ദൂരത്തില്‍ ഈ പാലം വഴിയെത്താനാകും എന്ന പ്രത്യേകതയുമുണ്ട്.