പണിതിട്ടും പണിതിട്ടും പണി തീരാതെ പത്തനംതിട്ടയിലെ വികസന സ്മാരകങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പണിതിട്ടും പണിതിട്ടും പണി തീരാത്തതാണ് പത്തനംതിട്ട ജില്ലയിലെ പാലങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാലം പണി തകൃതിയായി നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തട്ടികൂട്ട് വിദ്യകള്‍ ഒരുക്കുകയാണ് ജില്ലയിലെ  ഇടതുപക്ഷ എം എല്‍ എ മാര്‍. ഓരോ തെരഞ്ഞെടുപ്പിലും ഉയര്‍ത്തിക്കാട്ടാനുള്ള വികസന സ്മാരകങ്ങളായി ഈ പാലങ്ങളെ ഇടതുപക്ഷം മാറ്റിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗണപതിയുടെ കല്യാണം പോലെ ഈ പാലങ്ങളുടെ നിര്‍മ്മാണവും നീണ്ടുപോകുകയാണ്.

തൂണുകള്‍ മാത്രമായി വര്‍ഷങ്ങളായി അട്ടച്ചാക്കല്‍, ചിറ്റൂര്‍ കരകളിലെ ജനങ്ങള്‍ക്ക് കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ് കെ.യു.ജനീഷ് കുമാര്‍ എം. എല്‍.എ ഭരിക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ ചിറ്റൂര്‍ കടവ് പാലം. ആറുവര്‍ഷത്തില്‍ അധികമായി കെ യു ജനീഷ് കുമാര്‍ കോന്നിയില്‍ എം എല്‍ എ ആയിരുന്നിട്ടും പാലം നിര്‍മ്മാണം നടത്തുവാന്‍ തുനിയാതെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാലംപണി ഉടനെ ആരംഭിക്കാം എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് ജെനീഷ് കുമാര്‍. കോന്നിയിലെ രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കോന്നി മെഡിക്കല്‍ കോളേജിനും മലയോര മേഖലയ്ക്കും അത് ഏറെ ഗുണം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം രണ്ടുമാസം മാത്രം ശേഷിച്ചിരിക്കെ എന്ത് പാലംപണി എന്നാണ് ജെനീഷ് കുമാറിനോട്‌ കോന്നിക്കാരുടെ ചോദ്യം.

പത്തനംതിട്ട നഗര ഹൃദയത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ വീണാ ജോര്‍ജ്ജ് പറഞ്ഞ അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണവും വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നു. മേല്‍പാല നിര്‍മ്മാണത്തിന്റെ കാലാവധി പിഴ കൂടാതെ പൂര്‍ത്തിയാക്കുവാന്‍ 2024 ഒക്ടോബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ 2026 ആയിട്ടും മേല്‍പാലത്തിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. പാലം നിര്‍മ്മാണം അനന്തമായി നീളുന്നതോടെ ജില്ല ആസ്ഥാനത്തെ ഗതാഗതക്കുരുക്കും ജനങ്ങളുടെ നരകയാതനയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അബാന്‍ മേല്‍പ്പാലംകൊണ്ട് പത്തനംതിട്ട നഗരത്തിന് പ്രത്യേകിച്ച് യാതൊരു പ്രയോജനവും ലഭിക്കില്ല. വീണാ ജോര്‍ജ്ജിന്റെ മനസ്സില്‍ തോന്നിയ ആശയം പത്തനംതിട്ടയില്‍ നടപ്പിലാക്കി എന്നുമാത്രം. ഇതിന്റെ പേരില്‍  “ഇട്ടാ ” വട്ടത്തിലുള്ള പത്തനംതിട്ട നഗരം ഇന്ന് നരകതുല്യമാണ്.

ജില്ലയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ കോഴഞ്ചേരി പാലത്തിന്റെ സ്ഥിതിയും വത്യസ്ഥമല്ല. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുന്നത്. സംസ്ഥാനത്തെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രിയും ആറന്മുള എം.എല്‍.എ യുമായിരുന്നിട്ടും വീണ ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലത്തിലെ പാലം പണി അനന്തമായി നീളുകയാണ്. പാലം നിര്‍മ്മാണത്തിനായി പുരാതനമായ കോഴഞ്ചേരി മാര്‍ക്കറ്റ് ഒഴിപ്പിച്ചതോടെ മാര്‍ക്കറ്റിലെ വ്യാപാരം നിലക്കുകയും മാര്‍ക്കറ്റ് ലേലത്തിലൂടെ പഞ്ചായത്തിന് ലഭിച്ചിരുന്ന അന്‍പത് ലക്ഷത്തിലധികം രൂപ നഷ്ടമാകുകയും ചെയ്തു. നിലവിലുള്ള പാലത്തില്‍ കൂടി രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന വീതി മാത്രമാണ് ഉള്ളത്. പാലംപണി അനന്തമായി നീളുന്നത് കോഴഞ്ചേരി നിവാസികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. എന്തായാലും ഈ തെരഞ്ഞെടുപ്പിലും ഈ പാലങ്ങളാണ് താരം. വീണാ ജോര്‍ജ്ജ് വികസന നേട്ടമായി ഈ തെരഞ്ഞെടുപ്പിലും വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തിക്കാണിക്കുന്നതും ഈ പാലങ്ങളാണ്.

റാന്നിയിലെ ഇടതുപക്ഷ എം.എല്‍.എയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് നാരായണന്റെ പാലവും ഇരുകരകള്‍ തൊട്ടിട്ടില്ല. ഇവിടെയും അപ്രോച്ച് റോഡാണ് വില്ലന്‍. ചുവരില്ലാതെ ചിത്രം വരക്കാന്‍ തുടങ്ങിയതാണ്‌ ഇവിടെയും പ്രശ്നമായത്‌. പമ്പാ നദിയിലെ പെരുമ്പുഴ ബോട്ട് ജെട്ടി – ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പാലം നിര്‍മ്മാണം 26.76 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ചെയ്തത്. പാലത്തിന്റെ  നിര്‍മ്മാണം ആരംഭിച്ചു എങ്കിലും അപ്രോച്ച് റോഡുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകാതെ വന്നത് പാലം നിര്‍മ്മാണത്തെ പുറകോട്ടടിച്ചു. ഇതോടെ കരാറുകാരനും പിന്‍വാങ്ങി. അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കാന്‍ ഭൂ ഉടമകള്‍ക്ക് പണം കൈമാറുന്ന നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പാലത്തില്‍ക്കൂടി ജനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് റാന്നിക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞു.

റാന്നി മണ്ഡലത്തില്‍ അനന്തമായി നീളുന്ന നിര്‍മ്മാണങ്ങളില്‍ മറ്റൊന്നാണ് പുതമണ്‍ പാലം. കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് പാലം തുറന്നു നല്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നുവെങ്കിലും ഈ ശബരിമല മണ്ഡല കാലത്ത് പോലും പാലം തുറന്നുകൊടുക്കുവാന്‍ കഴിഞ്ഞില്ല. റാന്നി – കോഴഞ്ചേരി – ശബരിമല പാതയിലെ പെരുംന്തോടിന് കുറുകെ നിര്‍മ്മിക്കുന്ന പാലമാണ് ഇത്. ജില്ലയില്‍ നിര്‍മ്മാണം ആരംഭിച്ച പാലങ്ങളുടെ അവസ്ഥ ഈ നിലയില്‍ ആയിട്ടും തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പ്രഖ്യാപനങ്ങളുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പല സ്ഥലത്തും തിരക്കിട്ട പണികള്‍ നടക്കുന്നു. പോളിംഗ് ദിവസം വരെ ഈ തിരക്കിട്ട പണികള്‍ കാണുമെന്ന് പത്തനംതിട്ട ജില്ലയിലെ ജനങ്ങളും ഏതാണ്ട് മനസ്സിലാക്കിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...