ദില്ലി: ലൈംഗികാതിക്രമക്കേസില്‍ ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം. ഡല്‍ഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക എംപി എംഎല്‍എ ജഡ്ജി ഹര്‍ജീത് സിംഗ് ജസ്പാലാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും കേസെടുത്തവര്‍ക്കെതിരെ നേരിട്ടോ അല്ലാതെയോ ഭീഷണിപ്പെടത്തരുതെന്നും കോടതി വ്യക്തമാക്കി.
ഡബ്ല്യുഎഫ്‌ഐ മുന്‍ അഡീഷണല്‍ സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്ന ആളാണ് വിനോദ്. ഈ വര്‍ഷം ജനുവരിയില്‍ കായിക മന്ത്രാലയവും ഗുസ്തിതാരങ്ങളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച , 25,000 രൂപയുടെ ബോണ്ടില്‍ അദ്ദേഹത്തിന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം ഏഴ് ഗുസ്തിതാരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുളള കേസ്.