ലണ്ടൻ : ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കി ബ്രിട്ടൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ തീരുമാനം ദീപാവലി നാളിൽ പ്രാവർത്തികമാക്കിയ ബ്രിട്ടൻ ചരിത്രപരമായ ഈ നിയോഗത്തെ ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കുള്ള ദീപാവലി സമ്മാനമാക്കി മാറ്റി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്.
ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി. ഹീനാ ഗ്ലോവർ ഡിസൈൻ ചെയ്ത അഞ്ചുപൗണ്ടിന്റെ ഗാന്ധി നാണയത്തിൽ ഇന്ത്യൻ ദേശീയ പുഷ്പമായ താമരയുടെ ചിത്രത്തോടൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗോൾഡ്, സിൽവർ മോഡലുകളിലുള്ള കളക്ടേഴ്സ് എഡിഷനാണ് ഈ ഗാന്ധി നാണയം.
ലോകത്തെയാകെ സ്വാധീനിച്ച മഹാനായ നേതാവിനുള്ള ശ്രദ്ധാഞ്ജലിയാകും ഈ നാണയമെന്ന് ഋഷി സുനാക് പറഞ്ഞു. ഹിന്ദുമതവിശ്വാസിയായ തനിക്ക് ദീപാവലി നാളിൽ ഈ നാണയം പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ ആദരിച്ച് വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് ചത്വരത്തിൽ നേരത്തെ ബ്രിട്ടൺ ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിരുന്നു. ഒട്ടേറെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ബ്രിട്ടണിലെ ലെസ്റ്റർ നഗരത്തിലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.