ലണ്ടന്‍ : കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
കോവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ ബ്രിട്ടണില്‍ പ്രവേശനാനുമതി. ഇപ്രകാരം എത്തുന്ന യാത്രക്കാര്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തും. അഞ്ച് ദിവസത്തിന് ശേഷം നടത്തുന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 10 ദിവസത്തേക്കായിരിക്കും സമ്പര്‍ക്കവിലക്ക്. വാക്‌സിനെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്താല്‍ ഇതു വരെയുള്ള കഠിനാധ്വാനം പാഴാകാന്‍ ഇടയാകരുതെന്ന് യാത്രാ വിലക്കേര്‍പ്പെടുത്തുന്ന കാര്യം അറിയിച്ച് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
രാജ്യത്താരംഭിച്ച പ്രതിരോധ വാക്‌സിന്‍ വിതരണത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു. ബ്രസീലില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് തെക്കേ അമേരിക്ക, പോര്‍ച്ചുഗല്‍, മറ്റു ചില രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എഴുപത് ശതമാനത്തോളം വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം രാജ്യത്ത് കണ്ടെത്തിയ ആശങ്കയും ബ്രിട്ടനില്‍ നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി 15 വരെയായിരിക്കും പുതിയ നിയന്ത്രണങ്ങള്‍.